ബെംഗളൂരു: അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നിശ്ചിത്തിന്റെ മൃതശരീരമാണ് കഗ്ഗലിപുര റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് ലഭിച്ചത്. ഒരു സ്വകാര്യ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് കുട്ടിയുടെ പിതാവ്.
ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ കാണാതായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അരക്കെരെ 80 ഫീറ്റ് റോഡിൽ വച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാത്രി ഏഴരയായിട്ടും മകൻ തിരിച്ചെത്തിതിനെ തുടർന്ന് ട്യൂഷൻ ടീച്ചറെ വിളിച്ച് തിരക്കിയപ്പോൾ അഞ്ച് മണിക്ക് തന്നെ ഇറങ്ങിയെന്ന മറുപടിയാണ് കുടുംബത്തിന് ലഭിച്ചത്. തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ നടത്തുന്നതിനിടെ അരെക്കെരെ ഫാമിലി പാർക്കിന് സമീപത്ത് നിന്ന് നിശ്ചിതിന്റെ സൈക്കിൾ ലഭിച്ചു. പിന്നാലെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോളും ലഭിച്ചു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് ഹുളിമാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരം മൃതദേഹം ലഭിച്ചത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീട്ടിലെ താത്കാലിക ഡ്രൈവർ ഗുരുമൂർത്തി, ഗോപാൽകൃഷ്ണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഇരുവർക്കും കാലിന് വെടിയേറ്റിട്ടുണ്ട്. ഗുരുമൂർത്തിയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് സൂചന. പണമായിരുന്നു ലക്ഷ്യമെങ്കിൽ 13 കാരനെ കൊലപ്പെടുത്തി കത്തിച്ചത് എന്താണെന്ന് ചോദ്യമാണ് ഉയരുന്നത്. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.















