തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള തീരുമാനം ആക്ഷന്‍ കൗണ്‍സിലിനെ കേന്ദ്ര സർക്കാർ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഗള്‍ഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ഇക്കാര്യം ആക്ഷന്‍ കൗണ്‍സിലിനെ അറിയിച്ചത്.
ആറംഗ സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. രണ്ടുപേര്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചര്‍ച്ചയ്‌ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ നീക്കത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു.
‘യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. ഇന്ത്യന്‍ എംബസി യെമനിലെ സനായിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്, സുരക്ഷ മുന്‍നിര്‍ത്തി അത് യുഎഇയിലേക്ക് മാറ്റി. നിലവില്‍ റിയാദിലാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ സുരക്ഷ പ്രധാനമാണ്.’-കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മോചനശ്രമത്തില്‍ ചര്‍ച്ച നടത്താന്‍ നിമിഷപ്രിയയുടെ കുടുംബത്തിനും കുടുംബം നിയോഗിക്കുന്നവര്‍ക്കും മാത്രമേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനം സങ്കീർണമായ വിഷയമാണെന്നും സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.















