തിരുവനന്തപുരം: കഴക്കൂട്ടത്ത് എസ്ഡിപിഐ ഗുണ്ടാ ആക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം വീടുകയറി ആക്രമിക്കുകയും ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. കഴക്കൂട്ടം ആണ്ടൂർകോണം സ്വദേശി മുഹമ്മദ് ഷമീനും, ഭാര്യ പിതാവ് മുജീബിനുമാണ് പരിക്കേറ്റത്. തെറ്റായ ദിശയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലാണ് മർദ്ദനം. കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് സംഭവം. ആക്രമണം തടയാനെത്തിയ സ്ത്രീകളെയും അക്രമികൾ മർദ്ദിച്ചു.
ബൈക്കിലായെത്തിയ ആറോളം പേരാണ് ആക്രമണം നടത്തിയത്. മുഹമ്മദ് ഷമീനിന്റെ തലയ്‌ക്കും കൈയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. വീട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു എസ്ഡിപിഐ പ്രവർത്തകരുടെ അതിക്രമം. നാല് മാസം ഗർഭിണിയായ മുഹമ്മദ് ഷമീനിന്റെ ഭാര്യയെ അക്രമികൾ നിലത്തേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഓടിയെത്തിയ മുജീബിനെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.















