ശ്രീനഗർ: കശ്മീരിൽ വർഷങ്ങൾ പഴക്കമുള്ള വിഗ്രഹങ്ങൾ കണ്ടെത്തി. അനന്ത്നാഗ് ജില്ലയിൽ ഐഷ്മുഖത്തിലെ സാലിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുളത്തിൽ നീരുറവ വൃത്തിയാക്കുന്നതിനിടെയാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ശിവലിംഗം ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ കണ്ടെടുത്തു. ശിലകളാണ് ആദ്യം ലഭിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അവ വിഗ്രഹങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
ശിലകളിൽ പലതിലും ദേവതകളുടെ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് കുളത്തിലെ നീരുറവയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്. പുരാവസ്തു ഗവേഷകർ എത്തി സ്ഥലം പരിശോധിച്ചു. ഇവയുടെ പഴക്കവും കാലഘട്ടവും കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകൾ നടത്തും.
കാർകൂട്ട രാജവംശത്തിന്റെ സ്വാധീനമുണ്ടായിരുന്ന സ്ഥലത്ത് നിന്നാണ് ശിലകൾ ലഭിച്ചത്. അതുകൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ടതാകാമെന്നാണ് നിഗമനം. ആ കാലത്തുണ്ടായിരുന്ന ക്ഷേത്രത്തിലേതാകുമെന്നും സംശയമുണ്ട്.
പ്രദേശത്ത് നിന്ന് 16 കിലോമീറ്റർ അകലെയായി ഒരു തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്തിരുന്നതായാണ് വിവരം. ഇവിടെ മുമ്പ് ക്ഷേത്രമുണ്ടായിരുന്നതായി തങ്ങൾ കേട്ടിട്ടുണ്ടെന്നും അതിനാൽ ശിലകൾ കണ്ടെടുത്ത ഭാഗത്തായി ഒരു ക്ഷേത്രം നിർമിക്കണമെന്നും നാട്ടുകാർ പറഞ്ഞു.















