കൊല്ലം: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം ഓയൂർ സ്വദേശി അൻവർ ഷായ്‌ക്കെതിരെയാണ് കേസെടുത്തത്. ക്ഷേത്രത്തിൽ പോകുന്നതിനെയും കുറി തൊടുന്നതിനെയും ഇയാൾ എതിര്‍ത്തിരുന്നു. മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിയിൽ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നൽകി.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്തതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാവുമായി സൗഹൃദത്തിലായത്. പിന്നീട് പെൺകുട്ടിയെ മതം മാറാൻ നിരന്തരം നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർച്ചയായുള്ള ഭീഷണികൾ പെൺകുട്ടിയെ വലിയ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടിരുന്നു. കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും വിവരമുണ്ട്.
കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് കുടുംബം വീണ്ടും പരാതി നൽകി. അൻവർ ഷായെ കൂടാതെ ഇതിന് പിന്നിൽ ആളുകളുണ്ടെന്നാണ് വിവരം. മറ്റൊരു പെൺകുട്ടിയും അൻവർ ഷായ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.















