ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണങ്ങൾ പൊളിച്ചടുക്കി ബിജെപി. 2020 -ൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019ൽ മരിച്ച അരുൺ ജെയ്റ്റ്‍ലി എങ്ങനെ 2020ൽ ഭീഷണിപ്പെടുത്തുമെന്ന് ബിജെപി ചോദിച്ചു.
കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ലീഗൽ സെൽ രാജ്യതലസ്ഥാനത്ത് നടത്തിയ കോൺക്ലേവിനിടെയാണ് രാഹുലിന്റെ ഭാഗത്ത് നിന്നും ഇത്തരം പരാമർശമുണ്ടായത്. പ്രതിഷേധത്തിൽ നിന്നും പിൻമാറാൻ അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു, നിങ്ങൾ ആരോടാണ് പിൻമാറാൻ ആവശ്യപ്പെടുന്നത്, ഞങ്ങൾ കോൺഗ്രസുകാരാണെന്ന് മറുപടി പറഞ്ഞു എന്നുമാണ് രാഹുൽ കോൺക്ലേവിൽ പറഞ്ഞത്.
2019 ഓഗസ്റ്റ് 23 നാണ് അരുൺ ജെയ്റ്റ്‍ലി മരണമടഞ്ഞത്. 2020 സെപ്തംബറിലാണ് പാർലമെന്റിൽ കാർഷിക ബിൽ പാസാക്കിയത്. രാഹുലിന്റെ പരാമർശത്തിനെതിരെ അരുൺ ജെയ്റ്റിലിയുടെ മകൻ റോഹൻ ജെയ്റ്റ്‍ലിയും രംഗത്ത് വന്നു. പിതാവിനെ രാഹുൽ സ്വപ്നം കണ്ടതാകാം. തന്റെ അച്ഛൻ ആരെയും ഭീഷണിപ്പെടുത്തുന്നയാളല്ല. മറിച്ച് എല്ലാവരോടും ജനാധിപത്യ ബോധത്തോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. രാഹുൽ മരിച്ചവരോട് സംസാരിക്കുന്നുവെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും റോഹൻ ജെയ്റ്റ്‍ലി പറഞ്ഞു. മനോഹർ പരിക്കറെ കുറിച്ചും സമാന തരത്തിലുള്ള ആരോപണം രാഹുൽ നടത്തിയിട്ടുണ്ടെന്നും റോഹൻ ജെയ്റ്റ്‍ലി ചൂണ്ടിക്കാട്ടി.
രാഹുലിന് ചിത്തഭ്രമമാണെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. മുൻപ് കേന്ദ്രസർക്കാരിനെതിരെ ബോംബുകൾ പൊട്ടിക്കാനുണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ നുണയുടെ ബോംബുകളാണ് രാഹുൽ പൊട്ടിക്കുന്നതെന്ന് നേതാക്കൾ പരിഹസിച്ചു.















