കണ്ണൂർ: കൊടി സുനിയും സംഘവും പൊലീസ് കാവലിൽ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചാണ് ജയിൽപ്പുള്ളികളുടെ പരസ്യ മദ്യപാനം. വാഹനത്തിന്ർറെ മുകളിൽ കുപ്പികളും ഗ്ലാസുകളും നിരത്തി വച്ചാണ് സംഘം മദ്യപിക്കുന്നത്.
കഴിഞ്ഞ 17ന് തലശേരി അഡിഷണൽ ജില്ലാ കോടതിയിൽ നിന്ന് മടങ്ങുമ്പോൾ സുഹൃത്തുക്കൾ മദ്യം എത്തിച്ച് നൽകുകയായിരുന്നു. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയാണ് മദ്യപ സദസ്സ്. ടി.പി കേസിലെ മറ്റുപ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും കൊടി സുനിക്കൊപ്പമുണ്ട്.
സംഭവം പുറത്തു വന്നതോടെ കണ്ണൂരിലെ മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എ.ആർ. ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൊടി സുനി ജയിലിൽ ഫോണും ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച വിവരവും പുറത്തുവന്നിരുന്നു.















