ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ വൻ രാസലഹരിവേട്ട. 350 കോടി രൂപയുടെ ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും (സ്‌പെഷ്യൽ ബ്രാഞ്ച്) സ്‌പെഷ്യൽ നാർക്കോട്ടിക് സംഘവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ജെമാബോക്കിൽ നിന്നും സെലിംഗിലേക്ക് പോകുന്ന പിക്കപ്പ് വാനിലായിരുന്നു ലഹരികടത്ത്. ട്രക്ക് ഡ്രൈവറായ ലാൽതസുവാല (45), മിഥുൻ എന്നിവരാണ് പിടിയിലായത്.
ട്രക്കിന്റെ അടിയിൽ പ്രത്യേക അറയിൽ നിന്നാണ് 20.304 കിലോ മെത്താംഫെറ്റാമൈൻ കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയിൽ 300 കോടിയാണ് ഇതിന്റെ വില. 1.652 കിലോഗ്രാം ഹെറോയിൻ 128 സോപ്പ് ബോക്സുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
അതിർത്തിക്കപ്പുറത്ത് നിന്നാണ് ലഹരി എത്തിയതെന്നാണ് പ്രാഥമിക വിവരം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇത് എത്തിക്കാനായിരുന്നു പദ്ധതി. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികൾക്കും പ്രധാനികൾക്കുമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.















