ന്യൂഡൽഹി : ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് റോമാൽഡസ് മാർക്കോസ് ജൂനിയർ ഓഗസ്റ്റ് 4 മുതൽ 8 വരെ ഇന്ത്യ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. 1976ൽ ഇന്ത്യ സന്ദർശിച്ച മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസിന്റെ മകനായ അദ്ദേഹം ഇന്ത്യയിലെത്തുന്നത് ഇതാദ്യമായാണ്. ഔപചാരിക ബഹുമതികളോടെയാണ് രാഷ്‌ട്രപതി ഭവനിലെ സന്ദർശനം ആരംഭിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദക്ഷിണ ചൈന കടലിൽ നാവിഗേഷൻ സ്വാതന്ത്ര്യത്തിന്റെ ശക്തമായ വക്താക്കളാണ് ഫിലിപ്പീൻസും ഇന്ത്യയും. ഇരുരാജ്യങ്ങളും തമ്മിൽ സമുദ്ര സഹകരണം വർദ്ധിപ്പിക്കുകയും, രാഷ്‌ട്രീയ തലത്തിൽ ബന്ധം ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
2024 ഒക്ടോബറിൽ ലാവോസിലെ വിയന്റിയാനിൽ നടന്ന 21-ാം ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും, 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പീൻസ് പ്രസിഡന്റും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെത്തുന്ന ഫിലിപ്പീൻസ് പ്രസിഡന്റ്, രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകം സന്ദർശിക്കും. തുടർന്ന് രാഷ്‌ട്രപതി ഭവനിലെ സ്വാഗത ചടങ്ങിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും ഒന്നിലധികം കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും. ഓഗസ്റ്റ് 7 ന് അദ്ദേഹം ബെംഗളൂരു സന്ദർശിക്കും.















