ന്യൂഡൽഹി: ഇന്ത്യ- റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾക്കായി കൂടുതൽ ഓർഡറുകൾ നൽകി ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർത്തെറിയുകയും പാക് സൈന്യത്തിന്റെ ധൈര്യം ചോർത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ ഓർഡറുകൾ നൽകാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിന് ഉടൻ അനുമതി ലഭിക്കുമെന്നാണ് വിവരം.
നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായാണ് ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നത്. ഇന്ത്യൻ വ്യോമ, കരസേനകൾക്ക് കൂടുതൽ ശക്തി പകരുന്നതിനായി പ്രതിരോധ മന്ത്രാലയം ഉന്നതതല യോഗം ചേരും. നാല് ദിവസം നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ബ്രഹ്മോസ് മിസൈലിന്റെ കരുത്ത് പാകിസ്ഥാൻ അറിഞ്ഞു. പാക് വ്യോമതാവളങ്ങളും സൈനിക കന്റോൺമെന്റുകളും ഇന്ത്യൻ സൈന്യം തകർത്തിരുന്നു. വൻ തോതിലുള്ള നാശനഷ്ടങ്ങളാണ് പാകിസ്ഥാനുണ്ടായത്.
ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം ഭാരതത്തിന്റെ ശക്തിയറിഞ്ഞു. ആത്മനിർഭർ ഭാരതത്തിന്റെ കീഴിൽ നമ്മുടെ വ്യോമ, പ്രതിരോധ സംവിധാനങ്ങൾ ബ്രഹ്മോസ് മിസൈലുകളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ വിവിധ അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നു.
ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ആയുധമായിരുന്നു ബ്രഹ്മോസ് മിസൈൽ. ദൗത്യത്തിലൂടെ പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ആസ്ഥാനവും പഞ്ചാബ് പ്രവിശ്യയിലെ ലഷ്കർ ഇ ത്വയ്ബയുടെ കേന്ദ്രങ്ങളും ഇന്ത്യൻ സൈനിക നടപടിയിൽ തകർത്ത് തരിപ്പണമായി.















