ന്യൂഡൽഹി: ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അപകട സ്ഥലത്ത് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അപകടമേഖലയിൽ എസ്ഡിആർഎഫ്, എൻഡിആർഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ ധരാലിയിൽ രണ്ട് മണിക്കുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും അമ്പതോളം പേരെ കാണാതാവുകയും ചെയ്തു. ഇതിൽ 16 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.















