ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. അസമിലെ ടിൻസുകിയ ഭൂപൻ ഹസാരിക സേതു പാലത്തിലാണ് യുവാവ് കയറിയത്. വളരെയധികം അപകടകരമായ രീതിയിലാണ് യുവാവ് പാലത്തിന് മുകളിൽ കയറിയത്. തുടർന്ന് പാലത്തിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്തു. ഈ വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും പരസ്യമായി വിമർശിക്കുകയും ചെയ്തു.
പാലത്തിന്റെ കൈവരിയിലായി യുവാവ് തൂങ്ങിക്കിടക്കുന്നതും കാമറയ്‌ക്ക് മുന്നിൽ നിന്ന് അഭ്യാസങ്ങൾ കാണിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒപ്പമുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. ഇത്തരം പ്രവൃത്തികൾ ജീവന് തന്നെ ആപത്താണെന്നും ഈ വീഡിയോകൾ പൊതുജന സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്നും ചിലർ വിമർശിച്ചു.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. യുവാക്കളെ തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും സോഷ്യൽമീഡിയയിൽ ഉപയോക്താക്കൾ പറയുന്നുണ്ട്. ഇപ്പോൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.
9.15 കിലോമീറ്റർ നീളമുള്ള ധോല-സാദിയ പാലം 2017-ലാണ് ഉദ്ഘാടനം ചെയ്തത്. അസമിലെ ലോഹിത് നദിക്ക് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. ഗായകൻ ഭൂപൻ ഹസാരികയുടെ പേരിൽ 2,056 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ഇത് ബാന്ദ്ര-വോർളി കടൽ പാലത്തിനേക്കാൾ 3.55 കിലോമീറ്റർ നീളമുള്ളതാണ്.















