ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതിക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 67,000 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്. കര, നാവിക, വ്യോമസേനകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ട സുപ്രധാന പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.
സൈന്യത്തിന് വേണ്ടി പ്രത്യേക വാഹനങ്ങൾ കൊണ്ടുവരും. നാവികസേനയ്‌ക്ക് ഉത്തേജനം നൽകുന്നതിനായി കോംപാക്ട് ഓട്ടോണമസ് സർഫേസ് ക്രാഫ്റ്റ് വാങ്ങാനും പ്രതിരോധസേന അംഗീകാരം നൽകിയിട്ടുണ്ട്. നാവികസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും കാര്യക്ഷമമാക്കുന്നതിനുമായി ആളില്ലാ കപ്പലുകൾ വർദ്ധിപ്പിക്കും. ഇത് വെള്ളത്തിനടിയിലൂടെ ഉണ്ടാകുന്ന ഭീഷണികൾ തിരിച്ചറിയുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
വ്യോമ നിരീക്ഷണവും പ്രതിരോധവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പായിരിക്കും പുതിയ പദ്ധതികൾ. രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഭീഷണികൾക്ക് കൃത്യമായ മറുപടി നൽകുന്നതിനും പുതിയ പദ്ധതികൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഒന്നിലധികം ആയുധങ്ങളും പെലോഡുകളും വഹിക്കാൻ കഴിവുള്ള പ്രത്യേക ഡ്രോണുകൾ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഇവയ്‌ക്ക് ദീർഘദൂരം പ്രവർത്തിക്കാനും സാധിക്കുന്നു. കൂടാതെ 24 മണിക്കൂർ നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയ്‌ക്കും സഹായകരമാകും. പ്രതിരോധ മേഖലയെ കൂടൂതൽ ശക്തമാക്കുന്നതിനുള്ള നിരവധി നിർണായക പദ്ധതികൾ നടപ്പിലാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.















