വാഷിംഗ്ടൺ: ഇന്ത്യയ്‌ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇപ്പോഴില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായുള്ള ചർച്ചയ്‌ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ നിലപാട്. 24 മണിക്കൂറിനുള്ളിൽ അധിക തീരുവ ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ മുൻ നിലപാട്.
കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്ക് അധിക തീരുവ ഏർപ്പെടുത്തുന്നതിനെതിരെ റഷ്യ രംഗത്ത് വന്നിരുന്നു. റഷ്യയിൽ നിന്നും എണ്ണവാങ്ങുന്ന കാര്യത്തിൽ യുഎസ് എന്തിന് ഇടപെടണം എന്ന ചോദ്യമാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രധാനമായും ഉയർത്തിയത്. ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കം ചെറുക്കുമെന്ന മുന്നറിപ്പും റഷ്യ നൽകിയിരുന്നു. പരമാധികാര രാഷ്‌ട്രങ്ങൾക്ക് അവരുടേതായ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുമായുള്ള ചർച്ച നടത്താനുള്ള ട്രംപിന്റെ തീരുമാനം പുറത്തുവന്നത്.
കഴിഞ്ഞ ദിവസം യുഎസിന്റെ ഇരട്ടത്താപ്പിനെതിരെ ഇന്ത്യ രംഗത്ത് വന്നിരുന്നു. യുഎസും യുറോപ്യൻ യൂണിയനും രാസവളത്തിന് ഇപ്പോഴും ആശ്രിക്കുന്നത് റഷ്യയെയാണ്. അത്തരം ഒരു സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണികൾ വിലപ്പോവില്ലെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു,















