ഉത്തരകാശി: ഉത്തരാഖണ്ഡ് ഉത്തരകാശി ജില്ലയിലെ ധരാലിയിൽ ഇന്നലെയുണ്ടായ മേഘ വിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലുമുണ്ടായത് വൻനാശനഷ്ടം. ഔദ്യോഗികമായി അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. എന്നാൽ 11 സൈനികർ ഉൾപ്പെടെ 100 കണക്കിന് പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ തിരച്ചിലിൽ സജീവമാണ്. എംഐ-17, ചിനൂക്ക് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ധരാലിയിൽ നിന്നും മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്.
അതേസമയം ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. റോഡിലെ മണ്ണിടിച്ചിൽ മൂലം രക്ഷാപ്രവർത്തനത്തിന് പോകേണ്ട വാഹനങ്ങൾ അടക്കം മേഖലയിൽ കുടുങ്ങിയിരിക്കുകയാണ്. ജനം ടിവി വാർത്താ സംഘത്തിന്റെ വാഹനവും ഇക്കൂട്ടത്തിലുണ്ട്. അർദ്ധരാതിയോടെയാണ് ജനം ടിവി സംഘം ഇവിടെ എത്തിയത്. ഏഷ്യനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ച വാഹനവും മണ്ണിൽ പുതുഞ്ഞിരുന്നു. ഏറെ നേരെ പണിപ്പെട്ടാണ് വാഹനം പുറത്തെടുത്തത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. ഖീർ ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കം ധരാലി പട്ടണത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. 8,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ മാർക്കറ്റുകൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവ ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി.
രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളിൽ 17 മണിക്കൂറിലേറെയായി തുടർച്ചയായി മഴ പെയ്യുകയാണ്. ബാഗേശ്വർ, കോട്ദ്വാര്‍ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. ബാഗേശ്വറിലെ ഗോമതി, സരയു നദികൾ കരകവിഞ്ഞൊഴുകുകയാണ്.
#WATCH | Uttarakhand | Blocked roads being cleared after landslides hit various places on the Uttarkashi-Harsil road. pic.twitter.com/SPzGsv3yUE
— ANI (@ANI) August 6, 2025
സുരക്ഷ കണക്കിലെടുത്ത് കേദാർനാഥിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനമുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തീർത്ഥാടകർ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.















