തൃശ്ശൂർ: സംസ്ഥാനത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു. കോടാലി ഗവ. യുപി സ്കൂൾ ഹാളിന്റെ സീലിങാണ് തകർന്ന് വീണത്. സ്കൂളിന് അവധിയായതിനാൽ വലിയ അപകടം ഒഴിവായി. കുട്ടികൾ സ്ഥിരമായി അസംബ്ലിയടക്കമുള്ള പരിപാടികൾക്ക് ഒത്തുചേരുന്ന ഹാളിണിത്. ഷീറ്റിനടിയിലെ ജിപ്സം ബോർഡാണ് പൂർണ്ണമായും തകർന്ന് വീണത്. സ്ഥലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽ 54 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. 2023 ലായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. കോസ്റ്റ്ഫോർഡിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. അപകടത്തിന് ശേഷം സ്ഥലം സന്ദർശിക്കാൻ എത്തിയ കോസ്റ്റ്ഫോർഡ് ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചിരിക്കുകയാണ്.
സ്കൂളിൽ കെട്ടിടങ്ങൾ നിർമിക്കുന്നത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഷീറ്റ് മേഞ്ഞ മേൽക്കുരയുള്ള കെട്ടിടത്തിനാണ് 54 ലക്ഷം എന്ന് പറയുന്നത്. വലിയ അഴിമതിയാണ് നടന്നത്. ഗുണനിലവാരമില്ലാത്ത കുറഞ്ഞ വിലയിൽ ലഭിക്കുന്ന ജീപ്സമാണ് ഇവിടെ ഉപയോഗിച്ചത്. സ്ക്രൂ പോലും അഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ സീലിംഗിൽ മരപ്പട്ടിയുടെ ശല്യമുണ്ടായിരുന്നുവെന്നും ഇതാണ് തകർച്ചയ്‌ക്ക് കാരണം എന്നുമാണ് സ്കൂൾ അധികൃതരുടെ വിചിത്രവാദം
.















