ഒട്ടാവ: കാനഡയിലെ സറേയിൽ ഖലിസ്ഥാൻ എംബസി ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ സിഖ് സമൂഹം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക സിഖ് നേതാവും റേഡിയോ സ്റ്റേഷൻ മേധാവിയുമായ മനീന്ദർ ഗിൽ കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കും ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ മേധാവിക്കും കത്തയച്ചു.
പ്രവിശ്യാ ഗ്രാന്റുകൾ ഉപയോഗിച്ച് നിർമ്മിച്ച കമ്മ്യൂണിറ്റി സെന്ററാണ് ‘ഖലിസ്ഥാൻ എംബസി ‘ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. ജീവകാരുണ്യ സ്ഥാപനം എന്ന് പറഞ്ഞാണ് സർക്കാർ ധനസഹായത്തോടെ കെട്ടിടം നിർമിച്ചത്. സിഖുക്കാർക്ക് മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് കമ്യൂണിറ്റി സെൻറർ ആരംഭിച്ചത്. ജീവകാരുണ്യ സ്ഥാപനം എങ്ങനെയാണ് തീവ്രവാദത്തിനായി ഉപയോഗിക്കുന്നതെന്നെന്നും അദ്ദേഹം കത്തിൽ ചോദിച്ചു.
സറേയിലെ ഗുരുദ്വാരയുടെ പരിസരത്തുള്ള ഒരു കമ്മ്യൂണിറ്റി സെന്ററാണ് ഖലിസ്ഥാൻ എംബസി പ്രവർത്തിക്കുന്നത്. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടിപ്പിക്കുന്ന ‘ഖലിസ്ഥാൻ റഫറണ്ട’ത്തിന്റെ ഭാഗമായാണ് ഖലിസ്ഥാൻ എംബസി എന്ന പേരിൽ കെട്ടിടം ഉദ്ഘാടനം ചെയ്തിരുക്കുന്നത്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ബാനറുകൾക്കും ചിഹ്നങ്ങളും റിപ്പബ്ലിക്ക് ഖലിസ്ഥാൻ എന്നെഴുതിയ ബോർഡിലുണ്ട്. കൂടാതെ കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ ചിത്രവും ഇതിലുണ്ട്.
നിയമവിരുദ്ധമായി ‘ഖലിസ്ഥാൻ എംബസി’ പ്രവർത്തിച്ചിട്ടും നടപടിയെടുക്കാൻ കനേഡിയൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.















