ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്‌ക്കായി പുതിയ ഒരുക്കങ്ങളുമായി റെയിൽവേ മന്ത്രാലയം. 11,000-ത്തിലധികം കോച്ചുകളിലായി സിസിടിവി കാമറകൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കും.
ഓരോ കോച്ചിലും നാല് സിസിടിവി കാമറകൾ വീതം സ്ഥാപിക്കും. ഓരോ പ്രവേശന വാതിലിലും രണ്ട് കാമറകൾ ഉണ്ടായിരിക്കും. ലോക്കോമോട്ടീവിലും ആറ് സിസിടിവി കാമറകൾ ഉണ്ടാകും. കൂടാതെ രണ്ട് മൈക്രോഫോണുകളും സ്ഥാപിച്ചിട്ടുണ്ടാവും. സിസിടിവി ക്യാമറകൾക്ക് സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും. ഇത് നൂറ് കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ ഓടുന്ന ട്രെയിനുകളിലെ ദൃശ്യങ്ങൾ പോലും വ്യക്തമായി കാണാൻ സാധിക്കും.
സിസിടിവി കാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ചെലവിന്റെ കാര്യം എല്ലാ ജോലികളും പൂർത്തിയായ ശേഷം വിലയിരുത്തും. കോച്ചുകളിൽ സ്ഥാപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഉപകാരപ്രദമാണ്. ഇതിന് പുറമേ, യാത്രക്കാരുടെ സ്വകാര്യതയെ മാനിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിന്റെ പ്രഥമലക്ഷ്യം. മോഷണം, ആക്രമണം, പീഡനശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണത്തിന് സഹായകമാവുകയും ചെയ്യുന്നു.















