അക്ര: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഹെലികോപ്ടർ അപകടത്തിൽ പ്രതിരോധ മന്ത്രി ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രി എഡ്വേർഡ് ഒമാൻ ബോമാ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുർത്തല മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഘാനയുടെ ആക്ടിംഗ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ കോർഡിനേറ്റർ അൽഹാജി മുഹമ്മദ് മുനിരു ലിമുന, നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാമുവൽ സർപോങ്, മുൻ പാർലമെന്ററി സ്ഥാനാർത്ഥി സാമുവൽ അബോഗ്യെ എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.
ഹെലികോപ്റ്ററിൽ അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തലസ്ഥാനമായ അക്രയിൽ നിന്ന് രാവിലെ 9:12 നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പിന്നാലെ റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. സ്വർണ്ണ ഖനന നഗരമായ ഒബുവാസിയിലേക്ക് പോകുകയായിരുന്നു സംഘമെന്ന് ഘാന സൈന്യം അറിയിച്ചു. അപകടത്തിന്റെ കാരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
നിബിഢ വനത്തിലാണ് ഹെലികോപ്ടർ തകർന്നു വീണത്. അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ ഘാനയിലെ ടെലിവിഷൻ സ്റ്റേഷനായ ജോയ് ന്യൂസ് സംപ്രേഷണം ചെയ്തു. ഘാന സർക്കാർ അപകടത്തെ “ദേശീയ ദുരന്തം” എന്നാണ് വിശേഷിപ്പിച്ചത്. അപകടം രാജ്യത്തിന് വലിയ തിരിച്ചടിയാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യമെമ്പാടും പതാകകൾ പകുതി താഴ്‌ത്തിക്കെട്ടുമെന്നും പ്രസിഡന്റ് ജോൺ മഹാമയുടെ ചീഫ് ഓഫ് സ്റ്റാഫ് ജൂലിയസ് ഡെബ്ര പറഞ്ഞു.
Ghana Minister of Defense, other ministers die in helicopter crash. pic.twitter.com/kx54EDKwt1
— MS Ingawa (@MSIngawa) August 6, 2025















