ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തിൽ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. പ്രതികൂല കാലാവസ്ഥയും റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഗംഗാത്രിയിലെ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്ന 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കാനുള്ള ശ്രമം ഇന്ന് നടക്കും. കേരളത്തിൽ നിന്നുള്ള എട്ട് പേരും (തിരുവനന്തപുരം, കായംകുളം, എറണാകുളം) മുംബൈയിൽ സ്ഥിരതാമസമാക്കിയ 20 മലയാളികളും അടങ്ങുന്ന സംഘം ചാർധാം തീർത്ഥാടനത്തിന്റെ ഭാഗമയാണ് ഉത്തരകാശിയിൽ എത്തിയത്.
ഡെറാഡൂണിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ്
ടൂറിസ്റ്റ് ഗ്രാമമായ ധരാലി. ഗംഗാ നദി ഉത്ഭവിക്കുന്ന ഗംഗോത്രിയിലേക്ക് പോകുന്നവരുടെ പ്രധാന ഇടത്താവളമാണ് ഈ ഗ്രാമം. നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നതിനാൽ ഇവിടെ താമസിച്ചവരെ സംബന്ധിച്ച കൃത്യമായ കണക്ക് വിവരങ്ങൾ ലഭ്യമല്ല. ഇതു രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിലവിൽ ആറു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 400 ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി ഉത്തരേകാശിയിൽ ക്യാമ്പ് ചെയ്താണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. എൻഡിആർഎഫിന് പുറമേ, സൈന്യം, ഐടിബിപി, ഉത്തരാഖണ്ഡ് പൊലീസ്, എസ്ഡിആർഎഫ് എന്നീ സംഘങ്ങളും മേഖലയിലുണ്ട്.















