കൊച്ചി: ആലുവയിലെ പലചരക്ക് കടയിൽ നിന്നും 30 കുപ്പി വെളിച്ചെണ്ണ മോഷണം പോയി. ലിറ്ററിന് 600 രൂപ വിലയുള്ള മുന്തിയ ഇനം വെളിച്ചെണ്ണയാണ് കവർന്നത്. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലായിരുന്നു മോഷണം.
കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറുന്ന കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയ്‌ക്കൊപ്പം പത്ത് പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും ഇയാൾ കവർന്നു. ഒടുവിൽ ഫ്രിജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ സ്ഥലം വിട്ടത്. പോകുന്ന വഴിയിൽ സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ അതിന്റെ കേബിൾ അറുത്ത് മാറ്റിയ ശേഷമാണ് കള്ളൻ കടയിൽ നിന്നും പുറത്ത് ചാടിയത്.















