പാലക്കാട്: ചികിത്സക്ക് പണമില്ലാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശി ചന്ദ്രനാണ് മരിച്ചത്. മലബാർ ദേവസ്വം ബോർഡിൽ പെട്ട പള്ളിക്കുറിപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
നാല് ലക്ഷം രൂപയുടെ ശമ്പള കുടിശ്ശികയുണ്ടായിരുന്നു. വൃക്ക രോഗിയായിരുന്ന ചന്ദ്രൻ ചികിത്സയ്‌ക്ക് വേണ്ടി പലവട്ടം ബോർഡിനെ സമീപിച്ചെങ്കിലും പണം നൽകിയില്ല. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. മലബാർ ദേവസം ബോർഡിനോട് നിരവധി തവണ അപേക്ഷിച്ചിട്ടും ഫണ്ട് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് ശമ്പള കുടിശ്ശിക വന്നതെന്നും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പറയുന്നു.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഭൂരിപക്ഷം ക്ഷേത്രങ്ങളിലും മാസങ്ങളായി ശമ്പളം നൽകുന്നില്ല. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ഇതിനിടെയാണ് ചികിത്സയ്‌ക്ക് പണമില്ലാതെ ജീവനക്കാരൻ മരിച്ചത്.















