കൊച്ചി: താരസംഘടനയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്വേതാ മേനോന് ആശ്വാസം. ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതി കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും വിഷയത്തിൽ തിടുക്കം കാട്ടിയെന്നും നിരീക്ഷിച്ചു.
ശ്വേതാ മേനോനെതിരെ ഉയർന്ന പരാതിയിലും കേസിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. നടൻ ബാബുരാജിന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത്. അമ്മുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജ് മുന്നോട്ട് വന്നിരുന്നു. എന്നാൽ ബലാത്സംഗ കേസിലെ പ്രതിയും ലൈംഗികാരോപണം നേരിടുന്ന, വ്യക്തിയുമായതിനാൽ വിമർശനം ഉയർന്നു. സിനിമ മേഖലയിലുള്ളവരും പരസ്യമായി രംഗത്ത് വന്നു. ഒടുവിൽ നിവൃത്തിയില്ലാതെ തെരഞ്ഞെടുപ്പിൽ നിന്നും ബാബുരാജിന് പിൻമാറേണ്ടി വന്നിരുന്നു.
കഴിഞ്ഞ 31 നാണ് മാർട്ടിൻ മെനാച്ചേരി എന്നയാൾ മാച്ചേരി ശ്വേതാ മേനോന് എതിരെ പരാതി നൽകുന്നത്. പിന്നീട് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്..
പ്രതി സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്.















