സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ ഐശ്വര്യ ലബ്ധിക്കായി പ്രീതിപ്പെടുത്തുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹിതരായ ഹിന്ദു സ്ത്രീകൾ ആചരിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ഹിന്ദു കലണ്ടർ ശ്രാവണ മാസത്തിലെ – ആടിമാസത്തിലെ പൗർണമിക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്.
ഈ ദിവസം വരലക്ഷ്മി ഭാവത്തെ ആരാധിക്കുന്നത് മഹാലക്ഷ്മിയുടെ സമ്പത്തിന്റെ വിവിധ രൂപങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയും ആരാധിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നു. വെള്ളിയാഴ്ച രാവിലെയോ വൈകുന്നേരമോ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വരലക്ഷ്മി പൂജ നടത്താം.
ജോലി ചെയ്യുന്നവർക്ക് വൈകുന്നേരത്തെ ഉപവാസം സൗകര്യപ്രദമാണ്. വ്രതപൂജയ്‌ക്ക് ആവശ്യമായ സാധനങ്ങളെല്ലാം തയ്യാറാക്കി വെച്ചതിന് ശേഷം ആദ്യം ഗണേശപൂജ നടത്തണം. അതിനു ശേഷം വരലക്ഷ്മി പൂജ നടത്തണം.
ലക്ഷ്മിയെ വീട്ടിലേക്ക് ഔപചാരികമായി സ്വീകരിക്കുന്നതോടെയാണ് പൂജ ആരംഭിക്കുന്നത്. ഒരു താമ്പാളത്തിൽ അരി വിതറി അതിനു മുകളിൽ കലശം വയ്‌ക്കുക, പഴം, വെറ്റില, പൂക്കൾ എന്നിവ വെക്കുക. പൊങ്കൽ, പായസം, അപ്പം, വട, പുട്ട്, ലഡ്ഡു, തൈര്, പശുവിൻ പാൽ, നെയ്യ്, തേൻ, എന്നിവയിൽ പറ്റാവുന്നവ കലശത്തിന് മുന്നിൽ സൂക്ഷിക്കണം. ഓറഞ്ച്, മാതളം, നാരങ്ങ, മാമ്പഴം, മുന്തിരി എന്നിവയും നിവേദ്യത്തിനായി നല്ലതാണ്.
അതിനു ശേഷം അകത്തേക്ക് പ്രവേശിക്കുന്ന വാതിലിനടുത്ത് നിൽക്കുകയും പുറത്തേക്ക് കർപ്പൂര ആരതി ഉഴിയുകയും മഹാലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിക്കുകയും വേണം. മഹാലക്ഷ്മി ഭവനത്തിൽ പ്രവേശിച്ചുവെന്ന് ആത്മാർഥമായി വിശ്വസിച്ച് , താമ്പാള പാത്രത്തിൽ ഇരിക്കാൻ മഹാലക്ഷ്മിയോട് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യണം. ഇപ്പോൾ മഹാലക്ഷ്മി വീട്ടിൽ പ്രവേശിച്ചിരിക്കുന്നു എന്ന് സങ്കല്പിക്കണം.
ലക്ഷ്മിദേവിക്ക് പൂജകൾ ചെയ്യണം. തുടർന്ന് മംഗളകരമായ സ്തോത്രങ്ങൾ ചൊല്ലാം. ലക്ഷ്മി സ്തുതികളും ലക്ഷ്മീ അഷ്ടകവും അഷ്ടോത്തരവും ചൊല്ലാം.
“അമ്മ മഹാലക്ഷ്മി ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി താമസിക്കണം. നീ ഞങ്ങൾക്ക് എല്ലാ സമ്പത്തും തരണം’ എന്ന സങ്കല്പത്തോടെ പൂജ പൂർത്തിയാക്കുക. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് ആദ്യം പ്രസാദം നൽകേണ്ടത്. യുവതികൾ അവരുടെ അനുഗ്രഹം തേടണം.
ഈ വരലക്ഷ്മി വ്രതാനുഷ്ഠാനം നിങ്ങൾ പതിവായി നടത്തിയാൽ തീർച്ചയായും മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും എന്നതാണ് വിശ്വാസം. ഈ ശ്രാവണ മാസം (ആടി മാസം) ലക്ഷ്മീ പൂജ തുടങ്ങുവാൻ ഏറ്റവും അനുകൂലമായ മാസമാണ്. ശ്രാവണ മാസം ജൂലൈ അവസാനം ആരംഭിച്ച് ആഗസ്ത് മൂന്നാം വാരത്തിൽ അവസാനിക്കും.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വരലക്ഷ്മി വ്രതം വിശാലമായി ആഘോഷിക്കുന്നു. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹാലക്ഷ്മി പൂജ എന്ന പേരിൽ ഇത് ആഘോഷിക്കപ്പെടുന്നു.
വരലക്ഷ്മി വ്രതത്തിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം തേടാൻ നിരവധി മന്ത്രങ്ങളുണ്ട്. എന്നിരുന്നാലും ഈ വ്രതത്തിന് ഏറ്റവും അനുയോജ്യമായ ശക്തമായ മന്ത്രങ്ങളാണ് രണ്ട് മന്ത്രങ്ങൾ. ലക്ഷ്മീ അഷ്ടോത്തരം , ലക്ഷ്മി സഹസ്ര നാമം തുടങ്ങിയവയാണ് അവ. “ഭാഗ്യാദ ലക്ഷ്മി വാരമ്മ”, “ലക്ഷ്മീ രാവേ മാ ഇന്തികി ക്ഷീരബ്ധി പുത്രി”തുടങ്ങിയ കീർത്തനങ്ങൾ പാടാം. അവ കേൾക്കാം. കനകധാരാ സ്തോത്രവും പാരായണം ചെയ്യാം.















