ടെൽഅവീവ്: ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതികൾക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം. യുദ്ധമേഖലകൾക്ക് പുറത്തുള്ള സാധാരണ ജനങ്ങൾക്ക് സഹായം നൽകുന്നതിനായി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇസ്രയേൽ പ്രതിരോധസേനയുടെ നീക്കം. ഇതിന് വേണ്ട നടപടികൾ തയാറാക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഹമാസ് പിടികൂടിയ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക, സൈന്യത്തെ വിന്യസിക്കുക, ഗാസയിൽ നിയന്ത്രണം ഏർപ്പെടുത്തുക എന്നിവ ഉൾപ്പെടെ അഞ്ച് നടപടികൾക്കാണ് സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയത്. ഹമാസിന്റെ ഭീകരതയിൽ നിന്ന് ഗാസയിലെ ജനങ്ങളെ പൂർണമായും മോചിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ ഇതിനെതിരെ ഇസ്രേയലിനുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്നാണ് വിവരം. ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബമാണ് ഈ നീക്കത്തെ എതിർക്കുന്നത്. ഈ നടപടി തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന് കൂടുതൽ ആപത്തുണ്ടാക്കുന്നുവെന്ന് വിമർശിച്ചു.















