ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലി ദുരന്തത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ച് ഇസ്രോ. ദുരന്തത്തിന് മുമ്പും ദുരന്തത്തിന് ശേഷവും കാർട്ടൊസാറ്റ് 2 S പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പങ്കുവെച്ചത്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങളാണിവ. ഗതിമാറി ഒഴുകിയ നദിയുടെ ദൃശ്യങ്ങളും ഇതിൽ വ്യക്തമാണ്. ജൂൺ 13-ന് ചിത്രീകരിച്ച ചിത്രവും ദുരന്തത്തിന് ശേഷം കഴിഞ്ഞ ദിവസം ചിത്രീകരിച്ച ദൃശ്യവുമാണ് ഇസ്രോ പുറത്തുവിട്ടത്.
കുന്ന് മുഴുവൻ ഇടിച്ച് തകർത്തുകൊണ്ടാണ് വെള്ളപ്പാച്ചിൽ പോയിരിക്കുന്നത്. പ്രദേശം പൂർണമായും തകർന്ന നിലയിലാണ്. മേഘവിസ്ഫോടനത്തെ തുടർന്ന് വലിയൊരു ആഘാതം തന്നെയാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിലും സമാനമായ ചിത്രങ്ങൾ ഇസ്രോ പങ്കുവച്ചിരുന്നു.
ധാരാളം ആളുകളും തിങ്ങിപാർക്കുകയും നിരവധി ടൂറിസ്റ്റ് കെട്ടിടങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്ന ധരാലി പ്രദേശത്താണ് ദുരന്തമുണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് അതിശക്തമായ മഴവെള്ളപ്പാച്ചിലാണ് പ്രദേശത്തുണ്ടായത്. കാണാതാവരെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുന്നു. 400 ലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.















