കാന്താരാ സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു ലക്ഷം രൂപയാണ് അദ്ദേഹം ധനസഹായമായി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ നടൻ ടിനി ടോമാണ് വിവരം പങ്കുവച്ചത്.
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ ‘മാ’ സംഘടന വഴിയാണ് നടൻ സഹായവുമായി എത്തിയത്. ” മാ ” സെക്രട്ടറി കലാഭവൻ ഷാജോൺ നിജുവിന്റെ കുടുംബത്തിന് ചെക്ക് കൈ മാറി. എക്സിക്യൂട്ടീവ് മെമ്പർ തൃശ്ശൂർ സലീമും ഒപ്പമുണ്ടായിരുന്നു. സംഘടനയുടെ രക്ഷാധികാരികളിൽ ഒരാളാണ് സുരേഷ് ഗോപി.
ജൂൺ രണ്ടാം വാരമാണ് കലാഭവൻ നിജു (45) ഹൃദയാഘാതം മൂലം അന്തരിച്ചത്. ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. 25 വർഷമായി മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെയാണ് നിജു സിനിമയിൽ സജീവമായത്. അതിനിടെയായിരുന്നു വിയോഗം.















