ഒട്ടാവ: കാനഡയിലെ നടൻ കപിൽ ശർമയുടെ കഫേയിൽ വീണ്ടും വെടിവയ്പ്. കഴിഞ്ഞ ദിവസമാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗോൾഡി ധില്ലൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കപിൽ ശർമ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. പുലർച്ചെ 4.40-നായിരുന്നു വെടിവയ്പ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കാറിലെത്തിയ സംഘമാണ് കഫേയ്‌ക്ക് നേരെ വെടിയുതിർത്തത്. ഒന്നിലധികം തവണ വെടിവയ്പ് നടന്നു. സംഭവത്തിൽ വിശദാന്വേഷണം നടക്കുന്നുണ്ട്. കാപ്സ് കഫേ എന്ന പേരിൽ കപിൽ ശർമ പുതുതായി ആരംഭിച്ച കടയിലാണ് വെടിവയ്പ്പുണ്ടായത്. പൊലീസ് ഉൾപ്പെടെയുള്ള വിവിധ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രത്യേക ഉച്ചഭക്ഷണ പരിപാടി കാപ്സ് കഫേയിൽ ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 10-നും കഫേയ്‌ക്ക് നേരെ വെടിവയ്പ് നടന്നിരുന്നു. സംഭവത്തിൽ കഫേയിലെ ജനാലകളും വാതിലുകളും തകർന്നു. ഈ ആക്രമണങ്ങൾ ഏറെ വേദനാജനകമാണെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും കപിൽ ശർമ സോഷ്യൽമീഡിയയിൽ കുറിച്ചു.















