ഡെറാഡൂൺ: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ 560-ലധികം ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിപാർപ്പിച്ചു. ധരാലി, ഹർസിൽ മേഖലകളിലെ ആളുകളെയാണ് സ്ഥലത്ത് നിന്ന് മാറ്റിയത്. ദുരന്തബാധിതാ മേഖലയിൽ ഒറ്റപ്പെട്ട 112 പേരെ ഹെലികോപ്റ്റർ വഴി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേന, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ അഡ്മിനിസ്ട്രേഷൻ എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. മാറ്റ്ലിയിൽ തുടർച്ചയായി രണ്ടാം ദിവസവും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഒറ്റപ്പെട്ടുപോയ ആളുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സൈന്യം അറിയിച്ചു.
ഹെലികോപ്റ്ററിൽ മരുന്നുകൾ, ഭക്ഷണങ്ങൾ, അവശ്യസാധനങ്ങൾ എന്നിവ എത്തിച്ചുകൊടുത്തു. മാറ്റ്ലിയിൽ നിന്ന് ഹർസിലിലേക്ക് നാല് സിവിൽ ഏവിയേഷൻ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ നിന്നുള്ള എംഐ 17ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തിരിച്ചിറക്കി. ദുരിതബാധിതരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പാർപ്പിച്ചിട്ടുണ്ട്. അപകടസാധ്യത മേഖലകളിൽ അധിക സേനാംഗങ്ങളെയും വിന്യസിച്ചിരിക്കുകയാണ്.
കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ചെളിയും പാറക്കല്ലുകളും സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനുള്ള നടപടികളാണ് നടക്കുന്നത്. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.















