തിരുവനന്തപുരം: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതിഎന്ന് ആരോപണം .ഒന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധി പാര്‍ക്കില്‍ നടത്തിയെന്ന് കോര്‍പ്പറേഷന്‍ ഭരണസമിതി പറയുന്നുണ്ടെങ്കിലും ഇത്രയും തുക മുടക്കിയതിന്റെ യാതൊരു ലക്ഷണങ്ങളും ഇവിടെ കാണാനില്ല.
ജനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ ഉപയോഗിച്ച് വന്ന ഗാന്ധിപാര്‍ക്ക് വെട്ടിപ്പൊളിച്ച് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ വന്‍ തുക ചെലവാക്കിയത് കനത്ത അഴിമതിയാണെന്നാണ് ആരോപണം. 2024ല്‍ തുടങ്ങിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നാലുമാസം മുന്‍പാണ് പൂര്‍ത്തിയാക്കിയത്,തുടർന്ന് ഉദ്ഘാടന മഹാമഹവും നടത്തി.
സാംസ്‌കാരിക പരിപാടികള്‍ നടത്താനായി പൊതുവേദി, വഴിവിളക്കുകള്‍, നിലവിലെ ഇരിപ്പിടങ്ങള്‍ മോടിപിടിപ്പിക്കല്‍, പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയില്‍ കൊത്തുപണികള്‍, പ്രഭാതസവാരിക്കായി നടപ്പാത, അലങ്കാര ലൈറ്റുകള്‍, ചെടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പദ്ധതിയിലെ തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടില്ല.
നഗരത്തില്‍ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്‍ ധൃതി പിടിച്ച് കോടികള്‍ ചെലവാക്കി ഗാന്ധിപാര്‍ക്ക് നവീകരിച്ചത്. ഒരു കോടി അമ്പത് ലക്ഷം രൂപ ചെലവഴിച്ചതായി കണക്ക് കാട്ടിയെങ്കിലും അതിന്റെ നാലിലൊന്ന് പോലും ഗാന്ധിപാര്‍ക്കില്‍ ചെലവഴിച്ചിട്ടില്ല. ഇതിലെല്ലാം തന്നെ കോര്‍പ്പറേഷന്‍ ഭരണസമിതിയും ഇടത് കൗണ്‍സിലര്‍മാരും ലക്ഷങ്ങള്‍ കൈപറ്റിയിട്ടുള്ളതായാണ് പ്രധാനമായി ഉയരുന്ന ആരോപണം.















