ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് നടപടി. സുരക്ഷ ഉറപ്പാക്കാൻ 10,000-ത്തിലധികം പോലീസുകാരെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്ന ചെങ്കോട്ടയിൽ സുരക്ഷ ഒരുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പതിവ് സുരക്ഷാ നടപടികൾക്ക് പുറമേ സിസിടിവി ക്യാമറകൾ,ഡ്രോണുകൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ പെട്രോളിംഗ് നടത്താൻ എല്ലാ ജില്ലകളിലെയും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെങ്കോട്ടയും പരിസരവും സുരക്ഷിതമാണെന്നുറപ്പാക്കാൻ, സമീപമുള്ള ഉയരമുള്ള കെട്ടിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കും. സമീപ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും കർശന പരിശോധനകൾ ഉണ്ടായിരിക്കുകയും ചെയ്യും.
സമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള ഓൺലൈൻ ഭീഷണികളോ വ്യാജ വാർത്തകളുടെ പ്രചാരണമോ കണ്ടെത്തുന്നതിനായി പോലീസ് സൈബർ യൂണിറ്റുകൾ സോഷ്യൽ മീഡിയയിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനുപുറമെ, വാഹന പരിശോധനകൾ, അട്ടിമറി വിരുദ്ധ നടപടികൾ, പരിശോധനാ ഡ്രൈവുകൾ എന്നിവയിലൂടെ സുരക്ഷ കർശനമാക്കാൻ പോലീസ് രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 16 വരെ ഡൽഹിയുടെ ആകാശത്ത് ഡ്രോണുകൾ, യുഎവികൾ, പാരാഗ്ലൈഡറുകൾ, ഹാംഗ്-ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ പറത്തുന്നത് നിരോധിച്ചു. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും, ബസ് ടെർമിനലുകളിലും, മെട്രോ സ്റ്റേഷനുകളിലും, വിമാനത്താവളത്തിലും പ്രത്യേക സുരക്ഷാ സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ പരിശോധന, ബാഗേജ് സ്ക്രീനിംഗ്, റാൻഡം ഐഡി പരിശോധനകൾ എന്നിവ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.















