തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കുക്കു പരമേശ്വരൻ ഡിജിപിക്ക് പരാതി നൽകി . അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടിയാണ് പരാതി നൽകിയത്. പോലീസ് മേധാവി രവദ ചന്ദ്രശേഖറിനാണ് കുക്കു പരാതി നൽകിയത്. തനിക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന മെമ്മറി കാർഡ് ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
“ആരോപണം അടിസ്ഥാന രഹിതമാണ്, സാമൂഹിക മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നുവെന്നു, യൂട്യൂബ് ചാനലുകളുടെ ഭീഷണിപ്പെടുത്തുന്നു” കുക്കു പരാതിയിൽ പറയുന്നു. അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനാർഥിയാണ് .
കുക്കു പരമേശ്വരന്‍ മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബു ഗുരുതര ആരോപണവുമായി രംഗത്തെത്തി. ‘അമ്മ’യിലെ സ്ത്രീകള്‍ സിനിമ മേഖലയിൽ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് പൊന്നമ്മ ബാബുവിന്റെ ആരോപണം. മെമ്മറി കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.















