കുവൈറ്റ് സിറ്റി: ‘ഓരോ തുള്ളിയും അമൂല്യമാണ്; ഓരോ ദാതാവും ഒരു നായകനാണ്’ എന്ന സന്ദേശവുമായി ആർംസ്4യു (ARMS4U) കുവൈത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിൻ വലിയ ജനശ്രദ്ധയും പങ്കാളിത്തവും നേടി.
കുവൈറ്റിലെ വിവിധ മേഖലകളിൽ നിന്നെത്തിയ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ക്യാമ്പയിനെ പ്രത്യേകതയാർന്നതാക്കി. പരിപാടിയിൽ സംസാരിച്ച ആർംസ്4യു കുവൈറ്റ് പ്രസിഡന്റ് രമേശ് നായർ, സമൂഹത്തിനായുള്ള സേവനബോധം നിലനിർത്തുന്ന രക്തദാനത്തിന്റെ സാമൂഹിക പ്രസക്തിയെ ഊന്നിപ്പറഞ്ഞു.

ജാബ്രിയ കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ, ആരോഗ്യപ്രോട്ടോക്കോളുകൾ കർശനമായി പാലിച്ച്, വിദഗ്ധ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ സുരക്ഷിതമായ രീതിയിൽ ക്യാമ്പയിൻ നടപ്പാക്കി.
സാമൂഹിക ഉത്തരവാദിത്വം വിവിധ സംരംഭങ്ങളിലൂടെ നിറവേറ്റുന്നത് ആർംസ്4യു കുവൈത്തിന്റെ സ്ഥിരമായ പ്രതിബദ്ധതയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. രോഗികൾക്ക് പുതിയൊരു ജീവശ്വാസം നൽകുന്ന ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളായ എല്ലാ രക്തദാതാക്കൾക്കും നന്ദി രേഖപ്പെടുത്തി.










