പത്തനംതിട്ട: അവശ്യസാധന വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 40,000 രൂപയായി ഉയര്‍ത്തണമെന്ന് കേരള എന്‍ജിഒ സംഘ് 46-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കേണ്ട സമയം അധികരിച്ചിരിക്കുമ്പോള്‍ ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി മെഡിസെപ് പരിഷ്‌ക്കരിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
കുടിശിക ആയിരിക്കുന്ന ക്ഷാമബത്ത കൂടി കണക്കിലെടുത്താല്‍ ഏറ്റവും താഴ്ന്ന ജീവനക്കാരനു പോലും 40,000 രൂപ ലഭ്യമാകേണ്ട കാലം അതിക്രമിച്ചുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത ആര്‍ആര്‍കെഎംഎസ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് പി. സുനില്‍ കുമാര്‍ പറഞ്ഞു.
യോഗത്തില്‍ എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ്. രാജേഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സജീവന്‍ ചാത്തോത്ത് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ അദ്ധ്യക്ഷയായ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ. ഗോപാല കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഇ. സന്തോഷ് നയിച്ചു.
ഉച്ചക്ക് നടന്ന സുഹൃദ് സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ആര്‍കെഎംഎസ് മുന്‍ ദേശീയ സെക്രട്ടറി എസ്.കെ. ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി















