കോഴിക്കോട് : കർക്കടകമാസത്തിലെ രാമായണപാരായണം വെറുമൊരു ആചാരം മാത്രമല്ല. ധാർമികവും രാഷ്ട്രീയവും രാജതന്ത്രപരവും ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും ഭാഷാപരവുമായ ശരികളിലേക്ക് മലയാളികളെ നയിക്കാനുള്ള മഹദ്കർമമ്മവുമാണെന്ന് കെ പി രാമനുണ്ണി.
മാതൃഭൂമി ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ “എഴുത്തച്ഛനെ വിമർശിക്കുന്നവരേ, ഇതാണ് അദ്ധ്യാത്മ രാമായണത്തിന്റെ സാരസ്വതരഹസ്യം” എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഈ പരാമർശങ്ങൾ.
“ഒരു സാഹിത്യകൃതി വേദഗ്രന്ഥംപോലെ വിളക്കുവെച്ചുവായിക്കുക, ആ കൃതിയുടെ രചയിതാവിനെ ഭാഷാപിതാവായി ഘോഷിക്കുക. ലോകത്ത് മലയാളത്തിൽമാത്രം സംഭവിച്ച മഹാദ്‌ഭുതമായിരിക്കും ഇത്. ധാർമികവും രാഷ്‌ട്രീയവും രാജ്യതന്ത്രപരവും ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും ഭാഷാപരവുമായ ഒരുപാട് ശരികളുടെ സമ്പദ്‌സമൃദ്ധിയാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് മേൽപ്പറഞ്ഞ സൗഭാഗ്യം നേടിക്കൊടുത്തത്. മാതൃകാമനുഷ്യനെ സമൂഹസമക്ഷം അവതരിപ്പിച്ചുകൊണ്ട് എഴുത്തച്ഛൻ ശരിയായ ധാർമികത ഉദാഹരിച്ചു. എങ്ങനെ ഒരു നല്ലപുത്രനാകാം, സഹോദരനാകാം, സുഹൃത്താകാം, ഭർത്താവാകാം, ഭരണാധിപനാകാം എന്നതിന്റെ പ്രകടനപ്രതികയാണല്ലോ അധ്യാത്മരാമായണത്തിലെ മര്യാദാപുരുഷോത്തമനായ രാമൻ”, കെ പി രാമനുണ്ണി പറയുന്നു.
“ജാതിനാമാദികൾക്കല്ല, മനുഷ്യന്റെ ഗുണഗണങ്ങൾക്കാണ് പ്രാധാന്യമെന്ന് ചുമ്മാ പറയുകമാത്രമല്ല എഴുത്തച്ഛൻ ആ വിഷയത്തിൽ ചെയ്തത്. ഏറ്റവും അനുകരണീയനായ, ഈശ്വരതുല്യനായ തന്റെ കഥാപാത്രത്തെ തീർത്തും ജാതിവിരുദ്ധനായി അദ്ദേഹം ചിത്രീകരിച്ചു. ഒരു ആദിവാസിവൃദ്ധയായ ശബരിയെ ശ്രീരാമൻ വാസസ്ഥലത്തുചെന്നു കാണുന്നു. സ്നേഹാദരത്തോടെ അവരുടെ ഭക്തിയെ സ്തുതിക്കുന്നു. ശബരി സമ്മാനിച്ച പഴവർഗങ്ങൾ അശുദ്ധിയുടെ സംശയലേശമില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നു.
അതേപോലെത്തന്നെയായിരുന്നു താഴ്ന്നജാതിക്കാരനും തോണിക്കാരനുമായ ഗുഹനോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും. ഗുഹൻ നൽകിയ ‘പക്വഫലമധുപുഷ്പാദികളെല്ലാം’ രാമൻ കൃതാർഥതയോടെ കൈക്കൊള്ളുന്നു. മേക്കപ്പ് പോകുമെന്ന പേടിയാൽ സ്വന്തംകുട്ടികളെപ്പോലും അടുപ്പിക്കാത്ത മാതാക്കളിൽനിന്ന് വ്യത്യസ്തമായി കീഴാളനെ സ്വശരീരത്തിലേക്ക് പറ്റിച്ചേർക്കുന്നു”.കെ പി രാമനുണ്ണി കൂട്ടിച്ചേർക്കുന്നു.
“ശ്രീനാരായണഗുരുകൂടി അംഗീകരിച്ച വേദാന്തസാരമായ അദ്വൈതമാണ് കിളിപ്പാട്ടിന്റെ മൗലികസത്ത. അധ്യാത്മരാമായണത്തിലെ ബ്രാഹ്മണസ്തുതി ജാതികളിക്കുന്ന ബഹുകഥവേഷക്കാർക്കുള്ളതല്ല. അഭേദബോധം സൂക്ഷിക്കുന്ന ബ്രഹ്‌മജ്ഞാനികൾക്കുള്ളതാണ്. രാമസ്തുതിയാകട്ടെ, കേവലം ദശരഥപുത്രനുള്ളതല്ല, സർവത്തിനും ഹേതുവായ ഏകത്തിനുള്ളതാണ്”.കെ പി രാമനുണ്ണി ഉപസംഹരിക്കുന്നു.
“അധ്യാത്മരാമായണം ഉദ്ഘാഷിക്കുന്ന അഭേദബോധമാണ് ഇന്ത്യൻ ധാർമികതയുടെ ശരിയായ അടിത്തറ. പാശ്ചാത്യമായ കോട്ടും സ്യൂട്ടും ധരിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ഭരണഘടനയുടെ ആത്മാവിനകത്ത് കുടികൊള്ളുന്നത് ഇതേ ധാർമികതയാണ്. അതുകൊണ്ട് കർക്കടകമാസത്തിലെ രാമായണപാരായണം ഭരണഘടനയ്‌ക്ക് വിരുദ്ധമായ പ്രവർത്തനമല്ല, അനുകൂലമായ പ്രവർത്തനമാണ്. അംബേദ്കർ ആശങ്കപ്പെട്ട ഭരണഘടനയുടെ ചുട്ടുകരിക്കൽ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുമാണ്”.കെ പി രാമനുണ്ണി അടിവരയിടുന്നു.















