ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനാണ് നോട്ടീസ് അയച്ചത്. ശകുൻ റാണി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ട് എന്നതുൾപ്പെടെ രാഹുൽ ഉന്നയിച്ച ആരോപണങ്ങളിൽ കൃത്യമായ തെളിവുകൾ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
രാഹുൽ അടുത്തിടെ നടത്തിയ വാർത്താസമ്മേളത്തിലായിരുന്നു ആരോപണങ്ങൾ ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റേതല്ലെന്ന് നോട്ടീസിൽ പറയുന്നുണ്ട്.
ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തുവെന്നതായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം. എന്നാൽ അന്വേഷണത്തിൽ ഇതിന് തെളിവ് കണ്ടെത്താനോ ആരോപണം സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ല. വാർത്താസമ്മേളത്തിൽ കാണിച്ച രേഖകൾ പോളിംഗ് ഓഫീസറുടേത് അല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വാദങ്ങൾ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ നോട്ടീസയച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് മെഷീനിനിൽ ക്രമക്കേടുണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ ആവർത്തിച്ചുള്ള ആരോപണങ്ങൾക്ക് ശേഷമാണ് വീണ്ടും കുപ്രചരണങ്ങളുമായി രാഹുൽ തന്നെ രംഗത്തെത്തുന്നത്. വൻ തോതിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.















