ന്യൂഡൽഹി: ഇറാഖിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രത്തിലുണ്ടായ വാതകചോർച്ചയെ തുടർന്ന് 600-ലധികം തീർത്ഥാടകർക്ക് ദേഹാസ്വാസ്ഥ്യം. ശ്വാസതടസം ഉണ്ടായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാഖിലെ പുണ്യനഗരമെന്ന് വിശേഷിപ്പിക്കുന്ന നജാഫിനും കർബലയ്‌ക്കും ഇടയിലുള്ള സ്ഥലത്താണ് ക്ലോറിൻ വാതകചോർച്ചയുണ്ടായത്. ജലശുദ്ധീകരണ കേന്ദ്രത്തിൽ നിന്നാണ് ചോർച്ചയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വാതകചോർച്ചയെ തുടർന്ന് 621പേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ എല്ലാ ചികിത്സാസഹായങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഇറാഖിൽ വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷവും അഴിമതിയും കാരണമാണ് രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾക്ക് പുരോഗതിയുണ്ടാകാത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഇറാഖ് പിന്നിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















