തിരുവനന്തപുരം: പെട്രോൾ പമ്പിൽ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം കള്ളിക്കാടാണ് സംഭവം. കാട്ടാക്കട സ്വദേശിയായ ബിജു തങ്കച്ചനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. 15 പേരടങ്ങുന്ന ഒരു സംഘം യുവാക്കളാണ് ബിജുവിനെ തട്ടികൊണ്ടുപോയത്.
പെട്രോൾ പമ്പിൽ വച്ചാണ് സംഭവം നടന്നത്. പെട്രോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാക്കൾ ബിജുവിന്റെ സമീപത്തേക്ക് എത്തുകയും ബിജുവിനെ വാഹനത്തിൽ നിന്ന് പുറത്തേക്കിറക്കി മർദ്ദിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ബിജുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പൊലീസ് എത്തി പെട്രോൾ പമ്പിലെ ജീവനക്കാരെ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സാമ്പത്തിക പ്രശ്നമാണോ തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് സംശയവും പൊലീസിനുണ്ട്.















