ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ആത്മനിർഭർ ഭാരതത്തിന് കീഴിൽ ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ ഉടൻ കമ്മീഷൻ ചെയ്യും. ഹിമഗിരി, ഉദയ്ഗിരി എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് യുദ്ധക്കപ്പലുകളാണ് കമ്മീഷൻ ചെയ്യുന്നത്. ഇന്ത്യയിലെ രണ്ട് വ്യത്യസ്ത കപ്പൽ നിർമിത കമ്പനികൾ നിർമിച്ച സവിശേഷമായ യുദ്ധക്കപ്പലുകളാണ് നാവികസേനയ്‌ക്ക് സ്വന്തമാകുന്നത്. ഓഗസ്റ്റ് 26-ന് വിശാഖപട്ടണത്താണ് കമ്മീഷൻ ചടങ്ങ് നടക്കുക.
ഉദയ്ഗിരി (F35) യുദ്ധവിമാനം മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിലും ഹിമഗിരി (F34) യുദ്ധവിമാനം കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സിലുമാണ് നിർമിച്ചത്. രണ്ട് വ്യത്യസ്ത കപ്പൽ നിർമാണശാലകൾ നിർമിച്ച യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യുന്നത് ഇതാദ്യമാണ്.
സൂപ്പർസോണിക് മിസൈലുകൾ, ഉപരിതല-വായു മിസൈലുകൾ, 76 മില്ലീമീറ്റർ തോക്ക്, 30 മില്ലീമീറ്റർ, 12.7 മില്ലീമീറ്റർ ക്ലോസ്-ഇൻ ആയുധ സംവിധാനങ്ങൾ, എന്നിവ യുദ്ധക്കപ്പലുകളിൽ ഉൾപ്പെടുന്നു. നാവികസേനയുടെ ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത നൂറാമത്തെ കപ്പലാണ് ഉദയ്ഗിരി.
വിവിധ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കിയതിന് ശേഷമാണ് കമ്മീഷൻ ചെയ്യുന്നത്. മെയ്‌ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയ്‌ക്ക് കീഴിൽ പ്രതിരോധസേനയെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ യുദ്ധക്കപ്പലുകൾ.















