തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ. പി അബൂബക്കർ മുസ്ല്യാർ ഇടപെട്ടെന്ന വാദം വീണ്ടും തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.
കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ ഞങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. മറിച്ച് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അബ്ദുൾ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇസ്ലാമതം സത്യത്തിന്റേതാണ്. അത് ഉപയോഗിച്ച് കള്ളം പ്രചരിപ്പിക്കരുത്. മദ്ധ്യസ്ഥ ചർച്ചകൾക്ക് തയ്യാറല്ലെന്നും മഹ്ദി പറഞ്ഞു. കാന്തപുരത്തിന്റെ മുൻപ് നടത്തിയ അവകാശവാദത്തിന്റെ വാർത്ത കൂടി ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വധശിക്ഷയ്‌ക്ക് പുതിയ തീയ്യതി കുറിക്കണം എന്നാവശ്യപ്പെട്ട് മഹ്ദി കത്ത് നൽകിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മധ്യസ്ഥ ചർച്ചയ്‌ക്ക് ഇനി സാധ്യതയില്ലെന്ന് മഹ്ദി ആവർത്തിച്ച് വ്യക്തമാക്കിയത്.















