കർണാടക : കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മലയാളി യുവാവ് രക്ഷപ്പെട്ടു. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. പരുക്കേറ്റയാൾ ചികിത്സയിലാണ്.
റോഡിലൂടെ നടന്ന വിനോദ സഞ്ചാരിയെയാണ് കാട്ടാന ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാള് റോഡിൽ കാലിടറി വീണു. തുടർന്ന് കാട്ടാന ചവിട്ടുകയായിരുന്നു. ആന പിൻവാങ്ങിയതാണ് ജീവൻ തിരിച്ചു കിട്ടാൻ കാരണമെന്നാണ് നിഗമനം. ആക്രമണത്തിൽ ഇയാൾക്ക് സാരമായ പരിക്കുകളുണ്ട്. വിനോദസഞ്ചാരിയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബന്ദിപ്പൂർ മേഖലയിൽ ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ പലരുടെയും ജിവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സമാനമായി ചാമരാജനഗർ ജില്ലയിലെ ദേശീയോദ്യാനത്തിൽ കേരളത്തിലേക്ക് പോകുകയായിരുന്ന രണ്ട് വിനോദസഞ്ചാരികളെ ആന ഓടിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു സംഭവം. ഇരുവരും ആനയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആന ഓടിച്ചത്. എന്നാൽ പരിക്കുകളൊന്നുമില്ലാതെ രണ്ടുപേരും രക്ഷപ്പെട്ടു.















