ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ ഒളിത്താവളം ബോംബ് വച്ച് തകർത്ത് സൈന്യം. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിലുള്ള ഒളിത്താവളമാണ് സൈന്യം തകർത്തത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. സ്ഥലത്ത് വെടിവയ്പ്പും സ്ഫോടനങ്ങളും നടന്നു.
ഗുഹ സൈന്യം ബോംബുവച്ച് തകർക്കുകയായിരുന്നു. സ്ഥലത്ത് പരിശോധന നടക്കുന്നുണ്ട്. പാക് ഭീകരരാണ് വനത്തിനുള്ളിൽ ഒളിച്ചുതാമസിച്ചിരുന്നതെന്ന് സൈന്യം കണ്ടെത്തി. കശ്മീരിലെ കിഷ്ത്വാർ ജില്ല ഉൾപ്പെടെ ഏഴ് ജില്ലകളിലും പരിശോധന ശക്തമാക്കി.
വനമേഖലകളിൽ തമ്പടിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ അഖലിന്റെ ഭാഗമായി പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്. ഇതിനിടെ പ്രദേശത്ത് നിരവധി ഏറ്റുമുട്ടലുകളും നടന്നിരുന്നു.
ഓഗസ്റ്റ് ഒന്നിനാണ് ഓപ്പറേഷൻ അഖൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഭീകരരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഓപ്പറേഷനിടെ വനമേഖലകളിൽ ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.















