ന്യൂഡൽഹി: ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്‌ക്ക് സുരക്ഷ വർദ്ധിപ്പിച്ചു. അടുത്തിടെ നടന്ന വെടിവയ്പ്പിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
കാനഡയിലെ സറേയിലുള്ള കാപ്സ് കഫേ എന്ന കടയ്‌ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. 25 തവണയാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗുർപ്രീത് സിംഗിന്റെ ഗോൾഡി ദില്ലൺ ഗുണ്ടാസംഘം ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ മാസവും കാപ്സ് കഫേയ്‌ക്ക് നേരെ ആക്രമണം നടന്നിരുന്നു. പത്തിലധികം തവണ വെടിയുതിർത്ത ശേഷം അക്രമികൾ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. നടൻ സൽമാൻ ഖാനും കപിൽ ശർമയും തമ്മിലുള്ള അടുത്ത ബന്ധമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
ആക്രമണത്തിന് പിന്നാലെ, ബിഷ്ണോയി സംഘാംഗമായ ഹരി ബോക്സർ ഒരു ഭീഷണിസന്ദേശം പങ്കുവച്ചു. സൽമാൻ ഖാനുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ലെന്നായിരുന്നു മുന്നറിയിപ്പ്. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കുന്ന നിർമാതാക്കളെയും സംവിധായകന്മാരെയും നടന്മാരെയും കൊലപ്പെടുത്തുമെന്നും അതിനായി ഏതറ്റം വരെയും തങ്ങൾ പോകുമെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.















