ന്യൂഡൽഹി: വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ കർണാടകയിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. കോൺഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന രാജണ്ണയുടെ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് രാജി. ഹൈക്കമാൻഡ് നേരിട്ട് രാജി എഴുതി വാങ്ങുകയായിരുന്നു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാജണ്ണയുടെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നുമായിരുന്നു ഡി കെ ശിവകുമാറിന്റെ വാദം. തുടർന്നാണ് രാജി ആവശ്യപ്പെട്ടത്.
മഹാദേവപുര മണ്ഡലത്തിലെ വോട്ട് ക്രമക്കേട് നടന്നത് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ സംഭവിച്ചതാണെന്ന് രാജണ്ണ സമ്മതിച്ചിരുന്നു. പാർട്ടിയുടെ നിലപാടിന് എതിരായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. “വോട്ടർ പട്ടിക എപ്പോഴാണ് തയ്യാറാക്കിയത്. അത് നമ്മുടെ സർക്കാരിന്റെ കാലത്തായിരുന്നു. അന്ന് എല്ലാവരും എവിടെയായിരുന്നു. ക്രമക്കേട് നമ്മുടെ കൺമുന്നിലാണ് സംഭവിച്ചത്. നമ്മൾ അന്ന് നടപടിയെടുത്തിരുന്നില്ല. ഇനി കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്”-എന്നാണ് രാജണ്ണ പറഞ്ഞത്.















