ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് പാകിസ്ഥാന് വൻ സാമ്പത്തിക നഷ്ടം. വ്യോമാതിർത്തി അടച്ചതോടെ പാക് വിമാനത്താവള ബോഡിക്ക് 1,240 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 24-നും ജൂൺ 30-നും ഇടയിലുള്ള രണ്ട് മാസത്തെ കണക്കാണ് വിമാനത്താവള ബോഡി പുറത്തുവിട്ടത്.
വ്യോമാതിർത്തി അടച്ചതോടെ വൻ വരുമാന നഷ്ടം സംഭവിച്ചതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു. ഇത് പ്രതിദിനം 150 ഓളം ഇന്ത്യൻ വിമാനങ്ങളെ ബാധിച്ചിരുന്നു. കൂടാതെ പാകിസ്ഥാന്റെ വ്യോമഗതാഗതം 20 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വിമാനങ്ങൾക്ക് ഓഗസ്റ്റ് 24 വരെയാണ് പാകിസ്ഥാൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. അതേസമയം, പാകിസ്ഥാൻ വിമാനകമ്പനികൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിലും വിലക്ക് നിലനിൽക്കുന്നുണ്ട്.















