ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള ചണത്തിന്റെയും ചണ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ബംഗ്ലാദേശ്-ഇന്ത്യ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ചണം കൊണ്ട് നിർമിക്കുന്ന ബാഗുകൾ, വസ്ത്രങ്ങൾ, നൂലുകൾ മറ്റ് സാധനങ്ങൾ എന്നിവയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 27-നും ബംഗ്ലാദേശിൽ നിന്നുള്ള ചണ ഉത്പന്നങ്ങളും തുണിത്തരങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചിരുന്നു. കരമാർഗം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിൽ തടസമുണ്ടായിരുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലും ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതി നിരോധിച്ചിരുന്നു.
ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തയതിന് ശേഷമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചത്. കൂടാതെ മുഹമ്മദ് യൂനുസ് ചൈനയിൽ നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വ്യാപാര മേഖലയിൽ ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചുതുടങ്ങിയത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിനെ തുടർന്നാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായത്. വസ്ത്രവ്യാപാര മേഖലയിൽ ഇന്ത്യയുടെ വലിയ എതിരാളിയാണ് ബംഗ്ലാദേശ്. 2023-24 കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം 1,200 കോടിയായിരുന്നു. 2024-25 -ൽ ഇന്ത്യയുടെ കയറ്റുമതി 1,100 കോടിയുമായിരുന്നു.















