വാഷിംഗ്ടൺ: പാകിസ്ഥാന് വീണ്ടും ട്രംപ് ഭരണകൂടത്തിന്റെ കരുതൽ. ബലൂച് വിമോചന പോരാളികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഉപ സംഘടനയായ മജീദ് ബ്രിഗേഡിനെയും വിദേശ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്ക സന്ദർശന വേളയിയിലാണ് തീരുമാനം പുറത്തുവന്നത്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനുമായുള്ള ബന്ധം ശക്തമാക്കുന്ന നീക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് നിഗമനം.
പാകിസ്ഥാനിലെ ഏറ്റവും വലി പ്രവിശ്യയാണെങ്കിലും വികസനം തൊട്ടുതീണ്ടിയില്ലാത്ത പ്രദേശമാണ് ബലൂചിസ്ഥാൻ. ധാതു കലവറായായ ബലൂചിസ്ഥാനാണ് പാക് ജിഡിപിയുടെ നല്ലൊരു പങ്കും സംഭാവന ചെയ്യുന്നത്. എന്നാൽ ഈ പ്രദേശത്തിന് സൈനിക നടപടികളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ചരിത്രം മാത്രമാണ് പറയാനുള്ളത്. അടിച്ചമർത്തലുകൾക്കെതിരെയുള്ള പ്രതികരണമായിട്ടാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും ഉപ സംഘടനകളും രൂപം കൊണ്ടത്. അവകാശ ലംഘനങ്ങളെ അഭിസംബോധന ചെയ്യാതെ ഇസ്ലാമാബാദിന്റെ നയത്തിന് യുഎസ് മൗനാനുവാദം നൽകുകയായിരുന്നു. ബിഎൽഎയെ ഇതിനകം പാകിസ്ഥാൻ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.















