കോട്ടയം: അധികാര ദുർമേദസിന്റെ തിളപ്പും ഭീഷണിയും കൊണ്ട് ക്രൈസ്തവ പിതാക്കന്മാരെ വിരട്ടാനുള്ള സിപിഎം ശ്രമം വിലപ്പോവില്ലെന്ന് ബിജെപി നേതാവ് എൻ. ഹരി. ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരെയും ഹിന്ദു ആത്മീയ നേതാക്കളെയും നിന്ദ്യമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് സഖാക്കളുടെ ഒരു ശീലമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം തങ്ങളുടെ റിപ്പബ്ലിക് ആണെന്ന അഹങ്കാരത്തിലാണ് നേതാക്കൾ. ആദ്യമായല്ല ഇങ്ങനെ ഒരു പ്രസ്താവന. നികൃഷ്ട ജീവികൾ എന്ന് പിതാക്കന്മാരെ ആക്ഷേപിച്ച നേതാവിനെ തൃപ്തിപ്പെടുത്താനാണ് ഡിഫീ സഖാക്കളുടെയും ശ്രമം. അതിലുപരിയായി ഒരു രാഷ്‌ട്രീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.
പാർട്ടിയുടെ പോഷക സംഘടന നേതാക്കളുടെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റുപിടിച്ചതോടെ പാർട്ടിയുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ഇത് ഭീഷണിയുടെ സ്വരമാണ്. കൈക്കരുത്ത് കാണിക്കാൻ നോക്കണ്ട. അധികാരത്തിന്റെ മുഷ്ടി ചുരുട്ടി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ വിരട്ടാൻ നോക്കണ്ട. ദേവാലയ അങ്കണത്തിൽ ക്രൈസ്തവ പുരോഹിതനെ വാഹനമിടിച്ച് വീഴ്‌ത്താൻ ശ്രമിച്ച സംഭവം കോട്ടയത്തുകാർ മറന്നിട്ടില്ല. അതിലെ പ്രതികളെ സംരക്ഷിക്കാൻ ഓടിയെത്തിയത് ആരാണെന്ന് നന്നായി അറിയാം.
ലൗ ജിഹാദ് മുന്നറിയിപ്പ് നൽകിയ പല രൂപതാ അദ്ധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവിനെ കേസിൽ കുടുക്കാനാണ് ശ്രമിച്ചത്. പാലാ ബിഷപ്പ് ഹൗസിലേക്ക് പി എഫ് ഐ മാർച്ച് നടത്തി വളഞ്ഞപ്പോൾ യുഡിഎഫ് എൽഡിഎഫും സ്വീകരിച്ച നിലപാട് മറന്നിട്ടില്ല. പിതാവിനെ വിമർശിക്കുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. സാമൂഹ്യ തിന്മയ്‌ക്കെതിരെ തുറന്നു സംസാരിച്ച ബിഷപ്പിനെ കേസെടുത്ത് നിശബ്ദനാക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. ഇടത് ഘടകകക്ഷിയായ കേരള കോൺഗ്രസ് മാളത്തിൽ ഒളിക്കുകയും ചെയ്തെന്നും എൻ ഹരി പറഞ്ഞു.















