മലപ്പുറം: പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപറമ്പത്ത് ഷെമീറിനെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് വിവരം.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇന്നോവ കാറിലാണ് സംഘം എത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ഷെമീറിനെ പാണ്ടിക്കാട് ടൗണിലെ സർക്കാർ യുപി സ്കൂളിന് സമീപത്ത് വച്ചാണ് ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. ഫാർമസിസ്റ്റായ ഷെമീർ ഗൾഫിൽ ബിസിനസ് നടത്തുകയാണ്.
ഈ മാസം നാലിനാണ് യുവാവ് അവധിക്ക് നാട്ടിലെത്തിയത്. ബിസിനസുമായി ബന്ധപ്പെട്ട് വിദേശത്ത് തർക്കമുണ്ടായിരുന്നു എന്നാണ് സൂചന. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.















