അസീം മുനീറിനും ബിലാവൽ ബൂട്ടോയ്‌ക്കും ഖ്വാജ ആസിഫിനും പിന്നാലെ ഭീഷണിയുമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. സിന്ധു നദി ജലകരാർ റദ്ദാക്കിയതിലൂടെ പാകിസ്ഥാനേറ്റ പ്രഹരത്തിന്റെ സൂചനകളാണ് ആവർത്തിച്ചുള്ള ഭീഷണികൾ. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ആദ്യ മറുപടിയായിരുന്നു ഇത്.
പാകിസ്ഥാന്റെ ഒരു തുള്ളി പോലും നിങ്ങൾക്ക് തട്ടിയെടുക്കാൻ കഴിയില്ല. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാൽ, പാകിസ്ഥാൻ നിങ്ങളെ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കും, ഇസ്ലാമാബാദിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞു.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെ സിന്ധു നദീതട നാഗരികതയ്‌ക്കെതിരായ ആക്രമണമാണെന്ന് പറഞ്ഞു കൊണ്ടാണ് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയ്‌ക്ക് നേരെ ഭീഷണി ഉയർന്നത്
പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ യുഎസിൽ വച്ച് ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി മുഴക്കിയതും സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ടാണ്. സിന്ധു നദിയിലെ ഭാവിയിലെ ഏതൊരു ഇന്ത്യൻ അണക്കെട്ടും “10 മിസൈലുകൾ” ഉപയോഗിച്ച് തകർക്കുമെന്നാണ് മുനീറിന്റെ ഭീഷണി.
അതേസമയം കരാർ റദ്ദാക്കിയതിന് പിന്നാലെ സിന്ധുവിന്റെ പടിഞ്ഞാറൻ നദികളിൽ കൂടുതൽ ജലവൈദ്യുത പദ്ധതികൾ നിർമിക്കാനുള്ള പദ്ധതി ഇന്ത്യ വേഗത്തിലാക്കി. ചെനാബ് നദിയിലെ സവൽകോട്ട് ജലവൈദ്യുത പദ്ധതിക്കായി ഇന്ത്യ അന്താരാഷ്‌ട്ര ടെൻഡർ പുറപ്പെടുവിച്ചു. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ജൂലൈ 30 നാണ് ടെൻഡർ പുറപ്പെടുവിപ്പച്ചത്. 1,856 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള നിലയമാണ് നിർമിക്കുന്നത്. രണ്ട് ഘട്ടങ്ങളായി പൂർത്തിയാകുന്ന പദ്ധതിക്ക് 22,705 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സിന്ധു ജല ഉടമ്പടി (IWT) പ്രകാരം, കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയിലെ ജലത്തിൻ മേലാണ് ഇന്ത്യയ്‌ക്ക് അവകാശമുണ്ടായിരുന്നത്. സിന്ധു, ചെനാബ്, ഝലം തുടങ്ങിയ പടിഞ്ഞാറൻ നദികളുടെ ജലത്തിന്മേൽ പാകിസ്ഥാനാണ് പൂർണ്ണ കുത്തക.
സാവൽകോട്ടിന് പിന്നാലെ സിന്ധുവിന്റെ പടിഞ്ഞാറൻ നദികളിൽ കൂടുതൽ ജലവൈദ്യുത പദ്ധതികൾ നിർമിക്കാനുള്ള നടപടികളും ഇന്ത്യ വേഗത്തിലാക്കി. ചെനാബിന്റെ പോഷകനദികളിൽ നിർമ്മിക്കുന്ന റാറ്റ്ലെ, കിരു, ക്വാർ, പക്കൽ ദുൽ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.















